കാർത്തികപുരം: ഓണത്തിരക്കിനിടെ ഉദയഗിരി, കാർത്തികപുരം ടൗണുകളിലെ എടിഎമ്മുകൾ പ്രവർത്തിക്കാത്തത് ജനങ്ങളെ വലക്കുന്നു. പെൻഷൻ പണം ഉൾപ്പെടെ പിൻവലിച്ച് സാധനങ്ങൾ വാങ്ങാമെന്ന പ്രതീക്ഷയിൽ എടിഎമ്മുകളിലെത്തിയ പലരും പണം കിട്ടാതെ നിരാശരായി മടുങ്ങുകയാണ്.
ഉദയഗിരിയിൽ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിലും കാർത്തികപുരത്തെ സ്വകാര്യ ഏജൻസികളുടെ എടിഎമ്മുകളിലും പണമില്ലാത്തതാണ് പ്രശ്നം. മറ്റൊരിടത്ത് യന്ത്രത്തകരാറ് കാരണം 1000 രൂപ പിൻവലിക്കാൻ ശ്രമിച്ചാൽ 600 രൂപ മാത്രമാണ് കിട്ടുക. നേരത്തെയും സമാനരീതിയിലുള്ള തകരാറിനെ തുടർന്ന് രണ്ടാഴ്ച മുന്പായിരുന്നു പുതിയ മെഷീൻ സ്ഥാപിച്ചത്. പുതിയ മെഷീനിലും പഴയതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.
നിലവിൽ ഈ മേഖലയിലുള്ളവർ പത്തുകിലോമീറ്റർ അകലെയുള്ള ആലക്കോടുള്ള എടിഎം കൗണ്ടറിനെയാണ് പണത്തിനായി ആശ്രയിക്കുന്നത്. ഓണച്ചന്തയിലും സപ്ലൈകോയിലും ഉൾപ്പെടെ സാധനങ്ങൾ വാങ്ങാൻ വരുന്നവർ ഇതും മൂലം ബുദ്ധിമുട്ടുകയാണ്.